തൃക്കരിപ്പൂര്‍: വെട്ടിനീക്കിയ 5 മരങ്ങള്‍ക്കു പകരം അന്‍പതു മരങ്ങള്‍ നട്ട് മാതൃകയായി പോലീസുകാര്‍. ചന്തേര പോലീസ് സ്റ്റേഷന് വളപ്പിലാണ് മാതൃകാപരമായ മരം നടീല്‍ നടന്നത്. കെട്ടിടങ്ങളും പരിസരവും നവീകരിക്കുന്ന പണി പോലീസ് സ്റ്റേഷനില്‍ നടന്നു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 5 മരങ്ങള്‍ മുറിച്ചുമാറ്റിയത്. എന്നാല്‍ പതിറ്റാണ്ടുകളായി പരിപാലിച്ചു വന്ന മരങ്ങള്‍ മുറിച്ചു നീക്കിയപ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രയാസം തോന്നി.
വൈകിയില്ല, അഞ്ചിന് പകരമായി ഇന്നലെ 50 മരച്ചെടികള്‍ വച്ചു പിടിപ്പിച്ചു. സാമൂഹ്യ വനവല്‍ക്കരണ രംഗത്ത് കീര്‍ത്തി നേടിയ ദിവാകരന് കടിഞ്ഞിമൂലയുടെ നേതൃത്വത്തിലാണ് മരച്ചെടികള്‍ നട്ടു പിടിപ്പിച്ചത്. ഇലഞ്ഞി, പാരിജാതം, അശോകം, ഞാവല്‍, പേരക്ക, മന്ദാരം, നീര്‍മരുത് തുടങ്ങി വിവിധ ഇനങ്ങളില്‍ പെട്ടതാണ് വൃക്ഷത്തൈകള്‍.
മരം നടീല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി നാരായണന് ഉദ്ഘാടനം ചെയ്തു. എസ്ഐ മെല്‍ബില്‍ ജോസ് അധ്യക്ഷത വഹിച്ചു. അഡീഷനല്‍ എസ്ഐ പ്രസന്നകുമാര്‍ ദിവാകരനെ പൊന്നാട അണിയിച്ച് ആദരിച്ചു, പോലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി പിപി മഹേഷ്, എഎസ്ഐ ടി തമ്പാന്, ബീറ്റ് ഓഫിസര്‍ കെവി പ്രദീപന്, കെ രതീഷ് എന്നിവര്‍ പ്രസംഗിച്ചു.