നീലേശ്വരം: ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീക്കു പുതുവത്സര സമ്മാനമായി വീട് നിര്‍മ്മിച്ചു നല്കി സംസ്ഥാന കായിക വകുപ്പ്. ദേശീയ ഫുട്ബോള്‍ താരം ബങ്കളം തെക്കന്‍ ബങ്കളം രാങ്കണ്ടത്തെ കൊളക്കാട്ട് കുടിയില്‍ ആര്യശ്രീക്കാണ് സംസ്ഥാന കായിക വകുപ്പ് 10 ലക്ഷം രൂപ ചെലവില്‍ പുതുവത്സര സമ്മാനമായി വീട് നിര്‍മ്മിച്ച് നല്‍കിയത്.
വീടിന്റെ താക്കോല്‍ മന്ത്രി ഇപി ജയരാജന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൈമാറും. 2 മുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ് വീട്. 5 തവണ കേരളത്തിനായി ബൂട്ടണിഞ്ഞ ആര്യശ്രീ സബ് ജൂനിയര്‍ വനിതകളുടെ സാഫ് ഗെയിംസില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലും ഉണ്ടായിരുന്നു.
മംഗോളിയ, ഭൂട്ടാന് എന്നിവിടങ്ങളില്‍ നടന്ന വനിതാ ഏഷ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലും കളിച്ചു. ബങ്കളം കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് ആര്യശ്രീ. ആര്യശ്രീയുടെ പിതാവ് ഷാജു ലോട്ടറി തൊഴിലാളിയാണ്. അമ്മ ശാലിനി ദിവസവേതനക്കാരിയും. രാങ്കണ്ടത്തു ശാലിനിയുടെ പിതാവു നല്കിയ 10 സെന്റ് സ്ഥലത്ത് ചെറിയൊരു ഷെഡ് നിര്‍മിച്ചാണു കുടുംബം താമസിച്ചിരുന്നത്.
ആര്യശ്രീ നേടിയ പുരസ്കാരങ്ങള്‍ സൂക്ഷിക്കാന്‍ പോലും അവിടെ സൗകര്യമുണ്ടായിരുന്നില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ മുന്‍ എംപിയും സിപിഎം നേതാവുമായ പി കരുണാകരന്, എം രാജഗോപാലന്‍ എംഎല്‍എ, സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് എന്നിവരും സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റിയും വിവരം മന്ത്രിയെ അറിയിക്കുകയും വീടിനായി നിവേദനം നല്‍കുകയുമായിരുന്നു.
സിപിഎമ്മിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള ജനകീയ സമിതി വീടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടത്തി. കാസര്‍കോട്ടെ ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങവേ 2019 സെപ്റ്റംബറില്‍ ആര്യശ്രീയെയും കുടുംബത്തെയും മന്ത്രി ഇപി ജയരാജന് സന്ദര്‍ശിച്ചിരുന്നു. കായികവകുപ്പ് വീട് നിര്‍മിച്ചു നല്കുമെന്നു മന്ത്രി വാക്കു നല്‍കിയത് അന്നാണ്. എവി സുരേന്ദ്രന് ചെയര്‍മാനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം കണ്‍വീനറും ആയ കമ്മിറ്റിയാണ് വീടു നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത്.