കാസര്‍കോട്: ജനിച്ചയുടന്‍ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തി സംസ്ഥാനത്ത് നവജാത ശിശുവിനോട് വീണ്ടും അമ്മയുടെ ക്രൂരത. ചെടേക്കാലില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജനിച്ചയുടന്‍ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ ഏതെങ്കിലും തരത്തിലുള്ള വയര്‍ കുരുങ്ങി മരിച്ചുവെന്ന് രേഖപ്പെടുത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അമ്മ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്.
പ്രതിയായ യുവതി ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി. രക്തസ്രാവം ഉണ്ടായപ്പോള്‍ ചെങ്കളയിലുള്ള സ്വകാര്യ ആശുപത്രിയില്‍ യുവതിയെ എത്തിച്ചു. ചികിത്സിച്ച ഡോക്ടറാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവം നടന്നതായി ഭര്‍ത്താവ് ഉള്‍പ്പടെയുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഇയര്‍ഫോണ്‍ ഉപയോഗിച്ച് കുഞ്ഞിനെ ഉപദ്രവിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ അറസ്റ്റ് വൈകാതെ നടക്കുമെന്നും ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒന്നര വയസുകാരനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് മറ്റൊരു കൊലപാതകം കൂടി ചുരുളഴിയുന്നത്