കണ്ണൂര്‍: അക്കൗണ്ടില്‍ ആകെ ഉള്ള 2,00,850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കൊവിഡ് വാക്സീന് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി വിരമിച്ച ബീഡിത്തൊഴിലാളി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദിനേശ് ബീഡിയില്‍ നിന്നു വിരമിച്ച ബീഡിത്തൊഴിലാളിയാണ് നാടിന്റെ നന്മയ്ക്കായി സംഭാവന നല്‍കിയത്.
വെള്ളിയാഴ്ച കണ്ണൂരിലെ കേരള ബാങ്ക് ശാഖയിലെത്തിയ ഇദ്ദേഹം അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്നു അന്വേഷിച്ചു. 2,00,850 രൂപയെന്നറിഞ്ഞപ്പോള് അതില്‍ 2 ലക്ഷം രൂപ സര്‍ക്കാരിനു കൊവിഡ് വാക്സീന് വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കണമെന്നു പറഞ്ഞു.
”ആദ്യം അമ്പരന്നു. ഞങ്ങളൊക്കെ ആ മനുഷ്യന്റെ മുന്നില്‍ എത്ര ചെറുതാണെന്നു പിന്നെയോര്ത്തുപോയി”-
എന്ന് ബാങ്കിലെ ഉദ്യോഗസ്ഥനായ സിപി സൗന്ദര്‍രാജ് പറഞ്ഞു.
ആലോചിക്കാതെയെടുത്ത തീരുമാനമാണെന്നു കരുതി, ആദ്യം ഒരു ലക്ഷം അയച്ചാല്‍ പോരേ എന്നു ചോദിച്ചു. എന്നാല്‍ തനിക്കു ഭിന്നശേഷി പെന്‍ഷനും ഇപ്പോഴും തുടരുന്ന ബീഡി തെറുപ്പില്‍ നിന്നുള്ള വരുമാനവുമുണ്ടെന്നായിരുന്നു മറുപടി.
സൗന്ദര് രാജിന്റെ ഫേസ്ബുക് പോസ്റ്റില്‍ നിന്നാണു സംഭവം പുറത്തറിയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഇക്കാര്യം എടുത്തുപറഞ്ഞ് സംഭാവന നല്കിയ വ്യക്തിയെ അഭിനന്ദിച്ചു.