കൊട്ടിയൂര്‍: കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്കി ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി. കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റര്‍ തെരേസ വെട്ടത്തിന്റെ പേരാണ് റോഡിനു നല്‍കിയത്.
സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡ് ആണ് ഇനി തെരേസയുടെ പേരില്‍ അറിയപ്പെടുക. പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും 7 മക്കളില്‍ മൂന്നാമത്തെ മകളായ സിസ്റ്റര്‍ തെരേസ ഇറ്റലിയില്‍ സെന്റ് കമില്ലസ് സന്യാസിനി സമൂഹത്തിലെ അംഗമാണ്.
റോമിനു സമീപത്താണ് മുനിസിപ്പാലിറ്റി. ദീര്‍ഘകാലമായി ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുകയാണ് സിസ്റ്റര്‍ തെരേസ. സിസ്റ്റര്‍ തെരേസയെ കൂടാതെ 2 കന്യാസ്ത്രീകള്‍ക്കു കൂടി ഇറ്റലിയുടെ ബഹുമതി ലഭിച്ചു. ഒരാള്‍ ഇറ്റലിക്കാരിയാണ്. മറ്റൊരാള്‍ നൈജീരിയ സ്വദേശിയും ആണ്.
കൊവിഡ് കാലത്ത് ഏറെ മരണങ്ങള് സംഭവിച്ച രാജ്യമാണ് ഇറ്റലി. ഏതു നിമിഷവും മരണം സംഭവിക്കാം എന്നിരിക്കെ രാപകല്‍ ഭേദമില്ലാതെ രോഗികളെ ശുശ്രൂഷിച്ച നഴ്സുമാരുടെ സേവനം ഇറ്റലിയുടെ തിരിച്ചു വരവിനു കാരണമായി കണക്കാക്കപ്പെടുന്നു.