കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ചാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കൊവിഡ് സ്ഥിരീകരിച്ച വീണ വൈകിട്ട് 6.30നു പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളില്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തി.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ ഇതുവരെ 73.58 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിങ്. കേരളം ഉറ്റുനോക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്.
ചിലയിടത്തൊഴികെ വോട്ടെടുപ്പ് സമാധാനപരമാണ്. കഴക്കൂട്ടത്ത് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ആറന്മുള ചുട്ടിപ്പാറയില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തളിപ്പറമ്പ് ആന്തൂരില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലുപേര്‍ കുഴഞ്ഞുവീണു മരിച്ചു.