കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി. യാത്രക്കാരായ യുവാക്കള്‍ സ്കൂട്ടറും പെരുവഴിയിലിട്ട് പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് സംഭവം.
ഉരുവച്ചാല്‍ ടൗണിലെ സൗഭാഗ്യ ബേക്കറിയിലെ ജീവനക്കാരനായ നിഹാലും കൂടെ യാത്ര ചെയ്തിരുന്ന സഹപ്രവര്‍ത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നിഹാലിന്റെ ആക്ടീവ സ്കൂട്ടറില്‍ ഉരുവച്ചാലില്‍ നിന്നും മട്ടന്നൂരിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
നല്ല വേഗതയില്‍ റോഡിലുടെ ഓടിക്കൊണ്ടിരുന്ന ആക്റ്റീവ സ്കൂട്ടറിന്റെ മുന്‍ ഭാഗത്തെ ലൈറ്റ് ബോക്സിനുള്ളില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പ് തല പൊക്കിപത്തി വിടര്‍ത്തിയാടിയത്. പാമ്പിനെ കണ്ട പരിഭ്രാന്തിയില്‍ വഴിയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇരുവരും ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ പാമ്പ് ഒളിഞ്ഞു നിന്ന സ്കൂട്ടറിന്റെ മുന്‍ഭാഗം വെട്ടി പൊളിച്ച് വനം വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പുറത്തെടുത്തു. പിന്നീട് വനത്തിലേക്ക് വിടുന്നതിനായി കൊണ്ടുപോവുകയായിരുന്നു.