കണ്ണൂര്‍: പയ്യന്നൂരില്‍ യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭയന്ന് വണ്ടിയില്‍ നിന്നും പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പയ്യന്നൂരില്‍ ട്രിപ്പ് വിളിച്ച ഓടുകയായിരുന്ന ഓട്ടോയിലെ യാത്രക്കാരിയായ യുവതിക്കുനേരെയാണ് ഓട്ടോഡ്രൈവറുടെ പീഡന ശ്രമമുണ്ടായത്.
യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കൊറ്റിയില്‍ നിന്നും രാമന്തളിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രാമന്തളി ഭാഗത്തേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. വഴിമധ്യേ ഡ്രൈവര്‍ അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ എതിര്‍ത്ത യുവതിയുടെ വാക്കുകളെ അവഗണിച്ചു കൊണ്ട് ഡ്രൈവര്‍ വിജനമായ പാലക്കോട് റൂട്ടിലേക്ക് ഓട്ടോ ഓടിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ പീഡനം തുടര്‍ന്നതോടെ യുവതി ഓട്ടോയില്‍ നിന്നും പുറത്തേക്ക് എടുത്തുചാടുകയായിരുന്നു. പരിക്കേറ്റ ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോഴാണ് സംഭവം പുറത്തു പറഞ്ഞത്.
തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഓട്ടോഡ്രൈവറെയും വാഹനവും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു പയ്യന്നൂര്‍ പോലിസ് അറിയിച്ചു.
അതേസമയം, കൊച്ചി ലുലു മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയെ അപമാനിച്ചത് പിടിയിലായവര്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞദിവസമായിരുന്നു യുവനടിയെ രണ്ട് പേര് മാളില്‍ വച്ച് അപമാനിച്ചത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടിയാണ് വെളിപ്പെടുത്തിയത്. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു.