നെടുങ്കണ്ടം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കൂട്ടുകാരനു ഫോണില്ലെന്ന് അറിഞ്ഞ് സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചിരുന്ന പണത്തിന് ഫോണ്‍ വാങ്ങിനല്‍കി നാലാം ക്ലാസുകാരന്. ചോറ്റുപാറ ആര്‍പിഎം എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി അദ്വൈത് ആണ് കൂട്ടുകാരന് സഹായം നല്കി നന്മയുടെ വെളിച്ചമായത്.
കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലാതിരുന്ന 10 വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്കുന്ന കാര്യം സ്കൂള്‍ പിടിഎയും അധ്യാപകരും ചേര്‍ന്ന് തീരുമാനിച്ചത്. ഫോണില്ലാത്ത കുട്ടികളുടെ കാര്യം മാതാപിതാക്കള്‍ സംസാരിക്കുന്നതു കേട്ടപ്പോഴാണ് സ്വന്തം ക്ലാസിലെ കൂട്ടുകാരനും ഫോണില്ലന്ന് അദ്വൈത് അറിഞ്ഞത്.
തുടര്‍ന്ന് സൈക്കിള്‍ വാങ്ങാന്‍ 4 വര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണംകൊണ്ട് പുതിയ ഫോണ്‍ വാങ്ങി. അത് സഹപാഠിക്കു നല്‍കാനായി സ്കൂള്‍ ഹെഡ്മിട്രസ് ആര് ദീപമോള്‍ക്ക് അദ്വൈത് തന്നെ കൈമാറി.
സൈക്കിളിങ്ങില്‍ ചാംപ്യനാകണമെന്നാണ് അദ്വൈതിന്റെ ആഗ്രഹം. അതിനു പറ്റിയ ഒരു സൈക്കിള്‍ വേണം. ഇതിനായാണ് അദ്വൈത് ഒന്നാം ക്ലാസ് മുതല്‍ മാതാപിതാക്കളെക്കൊണ്ട് ഒരു കുടുക്ക വാങ്ങി ചില്ലറ തുട്ടുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. രണ്ടാം ക്ലാസ് മുതല്‍ മറ്റൊരു ചെറിയ സൈക്കിളില്‍ അദ്വൈത് സൈക്കിളിങ്ങില്‍ പരിശീലനവും നടത്തുന്നുണ്ട്.