തൊടുപുഴ: സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലും അതിലേറെ അഭിമാനത്തിലുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ ജ്യോത്സ്ന. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘പുരുഷനായി’ വോട്ടു രേഖപ്പെടുത്തിയ ജ്യോത്സ്നയ്ക്ക് ഈ തെരഞ്ഞെടുപ്പ് സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ടായിരുന്നു.
‘ ഞാന്‍ ഞാനായിട്ടു തന്നെ വോട്ടു ചെയ്യുന്നത് ആദ്യമായാണ്. ഒരിക്കലും മറക്കാനാകാത്ത അനുഭവം. അതിയായ സന്തോഷമുണ്ട്’
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വോട്ട് ചെയ്ത ശേഷം പുറത്തെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ കരിങ്കുന്നം വയലക്കാട്ട് ജ്യോത്സ്ന രതീഷിന്റെ (39) വാക്കുകളാണിത്.
ട്രാന്‍സ്ജെന്‍ഡറായി വോട്ടു ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ജ്യോത്സ്ന പറഞ്ഞു. രാവിലെ പങ്കാളിക്കൊപ്പമാണ് കാറില്‍ ബൂത്തിലെത്തിയത്. ബൂത്ത് ലവല്‍ ഓഫിസര്‍ ശോഭന മാത്യു ഇവര്‍ക്കായി പൂച്ചെണ്ടു കരുതിയിരുന്നു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസും സ്വീകരിക്കാന്‍ പുറത്ത് കാത്തുനിന്നു. പിങ്ക് ബൂത്തായ 158-ാം നമ്പര്‍ ബൂത്തിനോടനുബന്ധിച്ചുള്ള ഓക്സിലറി ബൂത്തില്‍ വോട്ടു ചെയ്ത് മടങ്ങിയെത്തിയപ്പോള്‍ പുറത്തു കാത്തുനിന്ന ഉദ്യോഗസ്ഥരുടെ വക മധുരവും നല്കി.