നെടുങ്കണ്ടം: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു നെടുങ്കണ്ടത്ത് എല്‍ഡിഎഫ് പ്രചാരണം ഉഷാറാകുന്നു. ഉടുമ്പന്‍ചോലയെ കാണുന്ന തരത്തില്‍ മാറ്റിയെടുത്ത മണിയാശാനാണ് ഇടുക്കിയിലെ താരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നെടുങ്കണ്ടത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസൂയാവഹമായ മാറ്റങ്ങളാണ് ഉടുമ്പന്‍ചോലയില്‍ ഉണ്ടായതെന്നും എന്തുകൊണ്ട് വീണ്ടും എല്‍ഡിഎഫ് എന്നുചോദിക്കുന്നവരോട് ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ വിശദീകരിച്ചാല്‍ മതിയാവും. ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും വികസനം എത്തിച്ചു. പ്രളയത്തിലും നിപ്പയിലും കൊറോണക്കാലത്തും താങ്ങായിനിന്നുവെന്നും റഹിം പറഞ്ഞു.
യോഗത്തിന് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ രമേഷ് കൃഷ്ണന്, പ്രിന്‍സ് മാത്യു, സിവി ആനന്ദ്, പപി സുമേഷ്, ആനന്ദ് വിജയന്, പിഎസ് അനീഷ്, സുരേഷ് പള്ളിയാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.