രാജാക്കാട്: നിവാനെ കാണാന്‍ മന്ത്രി എംഎം മണി എത്തി. കുഞ്ഞനുജന് ചികിത്സാസഹായം ഒരുക്കിയ മന്ത്രിക്ക് നന്ദി പറഞ്ഞു സഹോദരന് ഏബല്‍ ഷൈന്‍. രാജാക്കാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച നടന്ന പ്രചാരണത്തിരക്കിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് പന്നിയാര്‍ നിരപ്പില്‍ വാഴച്ചാല്‍ സാജന്റെ വീട്ടിലേക്ക് എംഎം മണി എത്തിയത്.
ജനനസമയത്ത് ഹൃദയസംബന്ധമായ അസുഖത്താല്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു കുഞ്ഞുനിവാന്. അന്ന് സാജനും ഡിന്സിക്കും സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ നിവാന്റെ ശസ്ത്രക്രിയയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എംഎം മണിയായിരുന്നു.
യാദൃശ്ചികമായാണ് കണ്ടതെങ്കില്‍ പോലും തന്റെ അനുജന് അടിയന്തര ചികിത്സാ സഹായമെത്തിക്കാന്‍ സഹായിച്ച മന്ത്രിക്ക് നിവാന്റെ സഹോദരന് ഏബല്‍ ഷൈന്‍ നന്ദി പറയാന്‍ മടിച്ചില്ല. കുഞ്ഞിക്കൈകള്‍ നീട്ടി മന്ത്രിക്ക് ഷേക്ക് ഹാന്‍ഡ് നല്കി.
അതേസമയം, ഇടുക്കി ജില്ലയില്‍ ആയിരക്കണക്കിന് കോടിയുടെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള ക്രെഡിറ്റായിരിക്കും തെരഞ്ഞെടുപ്പിലെ തന്റെ ഭൂരിപക്ഷമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഭൂപതിവ് ചട്ട ഭേദഗതി വിഷയം ഉയര്‍ത്തി സിപിഎമ്മിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷം മലയോര കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ്. പിജെ ജോസഫ് സ്വേഛാതിപതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.