നെടുങ്കണ്ടം: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്കിനു തീപിടിച്ചു. പമ്പ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായതു വന്‍ ദുരന്തം. ഞായറാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.
സെന്‍ട്രല്‍ ജംക്ഷനിലെ പമ്പിലാണ് അപകടം നടന്നത്. ബൈക്കിന് തീ പടരുന്നത് കണ്ട് ഉടന്‍തന്നെ ജീവനക്കാര്‍ തീയണച്ചു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പമ്പിന്റെ 50 മീറ്റര്‍ അടുത്താണ് മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫിസ്. സംഭവം നടക്കുമ്പോള്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓഫിസിനുള്ളില്‍ യോഗം ചേരുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. വന്‍ വര്‍ധനവിന് ശേഷമാണ് ഇന്ധന വില ഇപ്പോള്‍ മാറ്റമില്ലാതെ തുടരുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോള്‍, കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും.
കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. അതേസമയം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് നിലവിലെ ഇന്ധന വില മറികടന്നിരിക്കുന്നത്.