മറയൂര്‍: മദ്യപിച്ചെത്തിയ ഗൃഹനാഥന് ഭാര്യയുമായി വഴക്കിട്ട ശേഷം പാചകവാതകം തുറന്നുവിട്ട് വീടിനു തീയിട്ട സംഭവത്തില്‍ ‘നല്ല നടപ്പ്’ വിധിച്ച് നാട്ടുകൂട്ടം. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ കാന്തല്ലൂര്‍ കാരയൂര്‍ ഗ്രാമത്തിലാണ് സംഭവം.
മദ്യപിച്ചെത്തിയ അമൂല്‍ രാജ് (45) ഭാര്യയുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് പാചകവാതകം തുറന്നുവിട്ട് തീയിടുകയായിരുന്നു. വാതില്‍ തുറന്ന് ഭാര്യയും മകളും ഓടി രക്ഷപ്പെട്ടു. സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഒരു അലമാര ഒഴികെ എല്ലാ വീട്ടുപകരണങ്ങളും കത്തിനശിച്ചു.
വീടിന് പുറത്തിറങ്ങിയ അമൂല്‍ രാജിനെ നാട്ടുകാര്‍ പിടികൂടി മറയൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി ഗ്രാമക്കമ്മിറ്റിയംഗങ്ങളും ബന്ധുക്കളും പോലീസും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് വേണ്ടായെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തുടര്‍ന്ന് അമൂല്‍ രാജിനെ കേസെടുക്കാതെ വിട്ടയയ്ക്കുകയും എന്നും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും നിര്‍ദേശം നല്കി. പ്രശ്നങ്ങള്‍ തീരാതെ ഗ്രാമത്തില്‍ കയറ്റാതെ നല്ലനടപ്പിന് നാട്ടുകൂട്ടവും തീരുമാനമെടുത്തു. ഗ്രാമത്തില്‍ നോമ്പ് (ഉത്സവം) നടക്കുന്നതിനാല്‍, ആരും മദ്യപിക്കരുത് എന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും അമൂല്‍ രാജ് മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് വഴക്കുണ്ടായത്.