അടിമാലി: സ്വന്തം പരിക്ക് വകവെയ്ക്കാതെ രോഗികളെ ചികിത്സിക്കാന്‍ ക്ലിനിക്കില്‍ എത്തി ജനസേവനത്തിന്റെ ഉത്തമ മാതൃകയായി ഒരു ഡോക്ടര്‍. മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ടിജോ പി ജോസ് ആണ് അപകടത്തില്‍ വലതു കൈക്കുണ്ടായ പരിക്ക് വകവയ്ക്കാതെ രോഗികളെ ചികിത്സിക്കാനെത്തിയത്.
മൂന്ന് ആഴ്ച മുന്‍പാണ് മാങ്കുളത്തു നിന്നു കോതമംഗലത്തേക്കുള്ള യാത്രയില്‍ ഊന്നുകല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഡോക്ടറുടെ വലതു കൈക്കു പരിക്കേറ്റത്. 6 ആഴ്ച വിശ്രമം വേണമെന്ന് ചികിത്സ നല്കിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെ ഏക ഡോക്ടര്‍ എന്ന നിലയില്‍ അവധി എടുത്താല്‍ പ്രവര്‍ത്തനം മുടങ്ങുമെന്ന തിരിച്ചറിവാണ് സേവനം തുടരാന്‍ ടിജോയെ പ്രേരിപ്പിച്ചിരിക്കുന്നത്.
സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കിലോമീറ്റര്‍ ദൂരത്തുള്ള ചിത്തിരപുരം, അടിമാലി എന്നിവിടങ്ങളിലാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രോഗികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് ദിവസവും മാങ്കുളത്ത് ചികിത്സ തേടിയെത്തുന്നത്. രോഗികള്‍ക്കു വേണ്ടി നിര്‍ദേശിക്കുന്ന മരുന്നുകളും മറ്റും കുറിക്കുന്നതിനു സഹായത്തിനുള്ളത് നഴ്സുമാരാണ്. സ്ഥിരം തസ്തികയിലുള്ള ഡോക്ടര്‍ അവധിയിലായതോടെ എന്‍ആര്‍എച്ച്എം വിഭാഗത്തില്‍ നിന്നുള്ള ടിജോയാണ് ആശുപത്രിയിലുള്ള ഏക ഡോക്ടര്‍.