കട്ടപ്പന: ചങ്ങാടത്തില്‍ നിന്നു ജലാശയത്തില്‍ വീണ 4 പേരുടെ ജീവന് രക്ഷിച്ച് അച്ഛനും മകനും. അയ്യപ്പന്‍കോവില്‍ ചേമ്പളം മണ്ഡപത്തില്‍ എംഎം സുരേഷ്(55), മകന് ജിഷ്ണു(കണ്ണന്-24) എന്നിവരാണ് അപകടത്തില്‍പെട്ടവര്‍ക്കു സഹായ ഹസ്തമായത്. രണ്ട് അപകടങ്ങളിലൂടെയാണ് ഇവര്‍ 4 പേരെ രക്ഷപ്പെടുത്തിയത്.
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ചേമ്പളത്തെയും കാഞ്ചിയാര്‍ പഞ്ചായത്തിലെ കുഞ്ഞാഞ്ഞക്കടയേയും ബന്ധിപ്പിച്ച് 100 മീറ്റര്‍ ദൂരം ഇടുക്കി ജലാശയത്തിലൂടെ കടക്കാനായി സ്ഥാപിച്ച ചങ്ങാടത്തില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ക്രിസ്മസ് ആഘോഷത്തിനായി സമീപവാസിയുടെ വീട്ടില്‍ എത്തിയ മറുനാട്ടുകാരായ പത്തോളം പേര് ചങ്ങാടത്തില്‍ കയറി മറുകരയിലേക്കു പുറപ്പെട്ടു. ജലാശയത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ ചങ്ങാടം മറിയുകയും ഏതാനും പേര് നീന്തിക്കയറുകയും ചെയ്തു.
എന്നാല്‍ നീന്തല്‍ അറിയാതെ ജലാശയത്തിലേക്ക് മുങ്ങിത്താഴുന്നതിനിടെ ചാലക്കുടി സ്വദേശി ടിജോ വര്‍ഗീസ്, ഡബിള്‍ കട്ടിങ് സ്വദേശികളായ ലിന്റ മരിയ, റിയ സൂസന് എന്നിവര്‍ സഹായത്തിനായി അഭ്യര്‍ഥിച്ചു. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ ജലാശയത്തിലൂടെ നീന്തിയെത്തി സുരേഷ് മൂവരെയും രക്ഷിക്കുകയായിരുന്നു.
അതേസമയം, ഒക്ടോബര്‍ 11നാണ് അയല്‍വാസിയായ കുന്നപ്പള്ളില്‍ സോജിയെ ജിഷ്ണു രക്ഷിച്ചത്. സോജിയും സഹോദരിയും 2 കുട്ടികളും ചങ്ങാടത്തില്‍ കയറി മറുകരയിലേക്കു പുറപ്പെടാന്‍ തയ്യറെടുക്കുമ്പോള്‍ ഓടിയെത്തിയാണു ജിഷ്ണുവും ഒപ്പം കയറിയത്.
മറുകരയില്‍ ബന്ധിച്ചിരുന്ന ചങ്ങാടത്തിന്റെ കയര്‍ നിയന്ത്രിച്ചുകൊണ്ടു നിന്ന സോജി ജലാശയത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ ചങ്ങാടം ഉലഞ്ഞ് കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 2 തവണ ജലാശയത്തില്‍ മുങ്ങിപ്പൊങ്ങിയ സോജിയെ അടിത്തട്ടിയില്‍ നിന്നാണ് ജിഷ്ണു രക്ഷിച്ച് കരയില്‍ എത്തിച്ചത്.