മൂന്നാര്‍: ഉരുള്‍പൊട്ടിയ പെട്ടിമുടിയിലെ 8 കുടുംബങ്ങള്‍ക്കു നീറുന്ന ഓര്‍മകള്‍ക്കിടയിലും ഒരു കുഞ്ഞു സന്തോഷം അവരെ തേടി എത്തുകയാണ്.പെട്ടിമുടി ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കായുള്ള പുത്തന്‍ വീടുകള്‍ ഒരുങ്ങുകയാണ്. തീരാ വേദനയിലും ജീവിതം തിരിച്ചു പിടിച്ച 8 കുടുംബങ്ങള്‍ക്കു മാട്ടുപ്പെട്ടിയിലെ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ പതിച്ചു നല്കിയ 5 സെന്റ് ഭൂമിയിലാണു പുതിയ വീടുകള്‍.
ജീവിതത്തിലെ സര്‍വ സമ്പാദ്യങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടിനൊപ്പം താമസിച്ചിരുന്ന വീടും നഷ്ടപ്പെട്ട ഈ കുടുംബങ്ങള്‍ ഇപ്പോള്‍ കണ്ണന് ദേവന് കമ്പനി നല്കിയ താല്‍ക്കാലിക വീടുകളിലും വാടക വീടുകളിലുമാണു കഴിയുന്നത്. ബന്ധുക്കളെ നഷ്ടപ്പെട്ട് ഒന്നോ രണ്ടോ പേര് മാത്രമായി ചുരുങ്ങിയ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഓഗസ്റ്റ് 6 നായിരുന്നു പെട്ടിമുടിയില്‍ 70 ജീവന് കവര്‍ന്ന മഹാദുരന്തം നടന്നത്. സംഭവം നടന്ന് 3 മാസത്തിനകം തന്നെ ഇവര്‍ക്കു സ്ഥലം ലഭ്യമാക്കി.
ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചത്. കണ്ണന് ദേവന് കമ്പനിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഒരു കോടി രൂപയാണു ചെലവിടുന്നത്. 8 വീടുകളില്‍ 4 എണ്ണം ഏകദേശം പൂര്‍ത്തിയാവാറായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. ജനുവരി മാസം അവസാനത്തോടെ ഈ വീടുകള്‍ കൈമാറാനാണ് ലക്ഷ്യം.