കൊച്ചി: കൊച്ചിയില്‍ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം മുന്‍ പ്രസിഡന്റ് കാക്കനാട് വാഴക്കാല സ്വദേശി കെബി ഷെരീഫിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.30നു വാഴക്കാലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ഷെരീഫിനെ റിമാന്‍ഡ് ചെയ്തു. ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലിതകര്ത്തതാണ് കേസ്.
അതേസമയം, സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ഐഎന്‍ടിയുസി വൈറ്റില ഓട്ടോ സ്റ്റാന്‍ഡ് കണ്‍വീനര്‍ തൈക്കൂടം സ്വദേശി പിജി ജോസഫിന്റെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു.
വാഹനം തല്ലിത്തകര്‍ത്തെന്ന ജോജുവിന്റെ പരാതിയില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 8 പേര്‍ക്കെതിരെയാണു ജാമ്യമില്ലാ വകുപ്പു ചുമത്തി മരട് പോലീസ് കേസെടുത്തിട്ടുള്ളത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ടു പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ 10 പേര് സ്റ്റേഷനില്‍ ഹാജരായി ജാമ്യം നേടിയിരുന്നു.