മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനു ശേഷം സിസിയുടെ ആഗ്രഹം സഫലമായി. ഒരു പെണ്ണും രണ്ട് ആണും ആയി മൂന്ന് പൊന്നോമനകള്‍ അന്‍പത്തിയഞ്ചാം വയസില്‍ സിസിയെ ‘അമ്മേ’ എന്ന് വിളിക്കും.
ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോര്‍ജ് ആന്റണിക്കും ഭാര്യ സിസിക്കുമാണ് വിവാഹം കഴിഞ്ഞ് 34 വര്‍ഷത്തിനു ശേഷം കുട്ടികള്‍ പിറന്നത്. മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ജൂലൈ 22നാണ് ആഗ്രഹം പോലെ സിസി അമ്മയായത്.
1987 ലാണ് ജോര്‍ജും സിസിയും വിവാഹിതരാകുന്നത്. 18 വര്‍ഷത്തോളം ഗള്‍ഫില്‍ ആയിരുന്നു ജോര്‍ജ്. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയില്‍ സ്വന്തം ബിസിനസ് ആരംഭിച്ചു. ഇതിനിടയില്‍ ഗള്‍ഫിലും നാട്ടിലും ചികിത്സകള്‍ നടത്തിയെങ്കിലും കുട്ടികള്‍ ഉണ്ടായില്ല.
കഴിഞ്ഞ ജൂണില്‍ നിര്‍ത്താതെയുള്ള രക്തസ്രാവം അലട്ടിയപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ചികിത്സ കഴിഞ്ഞപ്പോള്‍ അവിടത്തെ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ എത്തിയത്. ഇവിടെ ഡോ. സബൈന്‍ ശിവദാസിന്റെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ.
മൂന്നു കുഞ്ഞുങ്ങള്‍ക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളില്‍ ഉണ്ട്. മൂവരും അമ്മയോടൊപ്പം സുഖമായിരിക്കുന്നു.