കുമ്പളം: കൊച്ചിയില്‍ മൂടിയില്ലാത്ത കാനയിലേക്കു മറിഞ്ഞു ബൈക്ക് യാത്രികന് മുങ്ങി മരിച്ചു. കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമാണ് അപകടം സംഭവിച്ചത്. ആലപ്പുഴ എഴുപുന്ന തെക്ക് മഠത്തിവെളി പരേതനായ ജോയിയുടെയും ആനിയുടെയും മകന് നോബിള്‍ റിബേറോ (39) ആണു മരിച്ചത്.
അരൂരില്‍ നിന്നു വൈറ്റില ഭാഗത്തേക്കു വരുമ്പോള്‍ ടോള്‍ പ്ലാസ എത്തുന്നതിനു മുന്‍പുള്ള കാനയിലാണു മൃതദേഹവും ബൈക്കും കണ്ടെത്തിയത്. മീന്‍ പിടിക്കുകയായിരുന്ന പരിസരവാസികള്‍ രാവിലെ പത്തരയോടെ കാനയില്‍ ബൈക്ക് മുങ്ങിക്കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടത്.
തലയില്‍ മുറിവുണ്ടായിരുന്നു. ചേരാനല്ലൂരിലെ പച്ചക്കറി കടയില്‍ അക്കൗണ്ടന്റ് ആയ നോബിള്‍ ദിവസവും പുലര്‍ച്ചെ ഒന്നരയോടെ ജോലിക്കു പോയി ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരികെ വീട്ടില്‍ എത്തും. ഇന്നലെയും പതിവുപോലെ ജോലിക്കു പോയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു.
രാത്രിയില്‍ കനത്ത മഴയ്ക്കിടെ അപകടമുണ്ടായി കാനയിലേക്കു വീണ ശേഷം തിരികെ കയറാന്‍ കഴിയാതിരുന്നതാണു മരണകാരണമായതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഭാര്യ: ലാല്‍ജി. മക്കള്‍: ലൗറല്‍ സൈമണ്‍ റിബേറോ, ലിയോണാര്‍ഡ് സൈമണ്‍ റിബേറോ.