ദുബായ്: കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ അടങ്ങുന്ന പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്കി മലാളി യുവാവിന് യുഎഇയുടെ ആദരം.
ദുബായ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇനോക് പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായ ശരത് ആണ് സത്യസന്ധതയിലൂടെ ദുബായുടെ ഹൃദയം കവര്‍ന്നത്.
എറണാകുളം സ്വദേശിയാണ് ശരത്. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇനോക് പെട്രോള്‍ പമ്പിലെ കഴിഞ്ഞ ദിവസത്തെ ജോലിക്കിടയിലാണ് ശരതിന് 20,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷത്തോളം രൂപ) അടങ്ങുന്ന പേഴ്സ് കളഞ്ഞുകിട്ടുന്നത്.
ഉടന്‍ തന്നെ ശരത് ഈ പേഴ്സ് ഉടമസ്ഥന് തിരിച്ചുനല്‍കുകയും ചെയ്തു. ശരതിന്റെ സത്യസന്ധത മനസിലാക്കിയ കമ്പനി അധികൃതര്‍ ഇദ്ദേഹത്തെ വിളിച്ചുവരുത്തി ആദരിച്ചു. കമ്പനി മുന്നോട്ട് വയ്ക്കുന്ന സത്യസന്ധത, വിശ്വാസ്യത എന്നീ ഗുണങ്ങളുടെ പ്രതിഫലനമാണ് ശരതില്‍ നിന്നുണ്ടായതെന്നും കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തു. വാര്‍ത്ത യുഎഇയിലെ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ദുബായിലെ മലയാളികള്‍ക്കിടയില്‍ താരമായിരിക്കുകയാണ് ശരത്.