കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. അതേസമയം, സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.