കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട് ചതുപ്പു നിലത്ത് ഇടിച്ചിറക്കി. രാവിലെ എട്ടരയോടെ പനങ്ങാട് കുഫോസ് ക്യാമ്പസിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം.
യൂസഫലിയും ഭാര്യയും പൈലറ്റും ഉള്‍പ്പടെ ഏഴു പേര് കോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇവരെ പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാമ്പസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റര്‍ ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോപ്റ്റര്‍ ഇടിച്ച് ഇറങ്ങുകയായിരുന്നെന്നും ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലിക്കോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്.