മൂവാറ്റുപുഴ: തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, ‘ഇരട്ട’ വോട്ടര്‍ പട്ടിക…. തുടങ്ങി നൂറിലധികം പോളിങ് അനുബന്ധ സാമഗ്രികളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കു വിതരണം ചെയ്തത്.
പനി ഉണ്ടോ എന്നു പരിശോധിക്കാനുള്ള തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, ഇരട്ടവോട്ട് തടയാനായി കമ്മിഷന് പ്രത്യേകം നല്കിയ വോട്ടേഴ്സ് ലിസ്റ്റ്, പിപിഇ കിറ്റ് തുടങ്ങിയ സാമഗ്രികളെല്ലാം തരംതിരിച്ച് എല്ലാം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ നിശ്ചിത ബൂത്തുകളില്‍ എത്തിയത്.
മൂവാറ്റുപുഴയിലെ 284 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും പിറവം മണ്ഡലത്തിലെ 312 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ നിര്‍മല പബ്ലിക് സ്കൂളില്‍ നിന്നുമാണ് വിതരണം ചെയ്തത്. രണ്ടു സ്കൂളുകളിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പോളിങ് ജോലികള്‍ക്കായി 1,500 ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഓരോ ബൂത്തിലും ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി നിയോഗിച്ചിട്ടുണ്ട്. 500 കേരള പോലീസ് ഉദ്യോഗസ്ഥരെയും 100 ഇതര സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജോലികള്‍ക്കായി കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
ഓരോ ബൂത്തിലും പ്രിസൈഡിങ് ഓഫിസറെ കൂടാതെ 3 ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. 10 പ്രശ്ന ബാധിത ബൂത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്ളത്. ഇവിടെ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗോവയില്‍ നിന്ന് എത്തിയിട്ടുള്ള 80 പോലീസ് ഉദ്യോഗസ്ഥരെ അടിയന്തര ഘട്ടം ഉണ്ടാകുകയാണെങ്കില്‍ സുരക്ഷ ജോലികള്‍ക്കായി ഉപയോഗിക്കും.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് യൂണിറ്റും വിവിപാറ്റ് മെഷീനും അടക്കം നൂറോളം സാമഗ്രികളാണ് ഓരോ കേന്ദ്രത്തിലും ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ടത്. ഇന്നലെ രാവിലെ എട്ടിനു വിതരണ കേന്ദ്രത്തിലെത്തി പോളിങ് സാമഗ്രി കൈപ്പറ്റിയതു മുതല്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയാക്കി രേഖകളെല്ലാം സീല്‍ ചെയ്ത് തിരികെ ഏല്പിക്കുന്നതു വരെയുള്ളതാണ് ഇവരുടെ ജോലി. വോട്ടെടുപ്പ് ദിവസത്തേക്കുള്ള ക്രമീകരണങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. രാവിലെ 6 മുതല്‍ മോക്ക് പോളിങ് നടത്തും.