കൊച്ചി: കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, റോഡ്… കൊച്ചിയുടെ മുഖം മിനുക്കാന്‍ അണിയറയില്‍ തയ്യാറാകുന്നത് മൂന്ന് യാത്രാമാര്‍ഗങ്ങള്‍. മെട്രോ രണ്ടാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ കൊച്ചിയുടെ ഐടി കേന്ദ്രമായ കാക്കനാടും നഗര കേന്ദ്രവുമായി മൂന്നു യാത്രാ മാര്‍ഗങ്ങളിലൂടെ ബന്ധപ്പെടാം.
ജില്ലാ തലസ്ഥാനം എന്നതിനു പുറമേ പതിനായിരക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്ന ഐടി കേന്ദ്രമാണു കാക്കനാട്. റോഡ് ഗതാഗതമാണു നഗരത്തില്‍ നിന്നു ജില്ലാ തലസ്ഥാനമായ കാക്കനാട്ടേക്ക് ഇപ്പോഴുള്ള യാത്രാ സൗകര്യം.
22നു വൈറ്റിലയില്‍ നിന്നു കാക്കനാട്ടേക്ക് വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ട് ഉദ്ഘാടനം ചെയ്യുകയാണ്. നിലവില്‍ ജലഗതാഗത സര്‍വീസിന്റെ ഒരു ബോട്ട് ഈ റൂട്ടിലുണ്ടെങ്കിലും വാട്ടര്‍ മെട്രോയുടെ ആധുനിക, സുരക്ഷിത ബോട്ട് വേഗത്തില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ജലമാര്‍ഗവും കാക്കനാട്ടേക്ക് ആളുകളെത്തുമെന്നാണു പ്രതീക്ഷ.
ചിറ്റേത്തുകരയിലും ഇന്‍ഫോപാര്‍ക്കിലും ബോട്ടില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു കാക്കനാടിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകാന്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരും. നാലു വര്‍ഷത്തിനു ശേഷം മെട്രോ കാക്കനാട്ടേക്ക് എത്തുന്നതോടെ മൂന്നാമതൊരു യാത്രാ മാര്‍ഗം കൂടി കാക്കനാട്ടേക്കു തുറക്കുകയാണ്.
ബോട്ടില്‍ വന്നിറങ്ങുന്നവര്‍ക്കു മെട്രോയില്‍ കാക്കനാടിന്റെ തന്നെ മറ്റു ഭാഗങ്ങളിലേക്കു തുടര്‍ യാത്ര നടത്താം. അതിവേഗ റെയില്‍ കാക്കനാട് വഴിയാണു കടന്നുപോകുന്നത്. എറണാകുളം ജില്ലയിലെ സ്റ്റേഷനും കാക്കനാടാണ്.
ഈ സ്റ്റേഷനും മെട്രോ സ്റ്റേഷനും ബന്ധിപ്പിക്കും. ഇതോടെ അതിവേഗ ട്രെയിനില്‍ സ്റ്റേഷനിലിറങ്ങുന്നവര്ക്കു ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കു പോകാനുള്ള ഏറ്റവും നല്ല മാര്‍ഗം മെട്രോ ആയിരിക്കും. രണ്ടു റെയില്‍വേ സ്റ്റേഷനുകളുമായി കൊച്ചി മെട്രോ റെയില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അതിവേഗ റെയിലില്‍ നിന്നു സാധാരണ റെയില്‍ യാത്രയ്ക്കും മെട്രോ ആശ്രയമാകും.