കൊച്ചി: സെക്യൂരിറ്റി ജീവനക്കാരി മുതല്‍ ചിലപ്പോഴൊക്കെ മെട്രോ ഓടിക്കുന്നത് വരെ സ്ത്രീകളാണ്. മുട്ടം മെട്രോ സ്റ്റേഷന് അങ്ങനെയാണ് എവിടേയും വനിതമയം. മെട്രോ ജീവനക്കാരില്‍ വലിയൊരു പങ്ക് വനിതകളുണ്ടെങ്കിലും ഒരു സ്റ്റേഷന് മുഴുവന്‍ വനിതകള്‍ തന്നെ മേല്‍നോട്ടം വഹിക്കുന്നത് അപൂര്‍വ്വമാണ്. ഇക്കാര്യം നഗരവികസന പാര്‍ലമെന്ററി സമിതിയെ സന്ദര്‍ശന വേളയിലാണു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചത്.
കാര്യം അറിഞ്ഞതോടെ അവരെയൊന്നു നേരിട്ടു കാണാമെന്നു കമ്മിറ്റി തീരുമാനിച്ചു. ഇവിടെ സെക്യൂരിറ്റി മുതല്‍ സ്റ്റേഷന് കണ്ട്രോളര് വരെ വനിതകളാണ്. ചില സമയങ്ങളില്‍ സ്റ്റേഷനിലെത്തുന്ന മെട്രോ ഓടിക്കുന്നതും വനിതാ പൈലറ്റുമാര്‍ തന്നെ. മാത്രമല്ല, സ്റ്റേഷന് മാനേജ്മെന്റ്, ഹൗസ്കീപ്പിങ്, സെക്യൂരിറ്റി, ടിക്കറ്റിങ് എന്നിവിടങ്ങളിലെല്ലാം മുട്ടത്ത് വനിതകള്‍ ജോലിചെയ്യുന്നുണ്ട്.
മുട്ടം സ്റ്റേഷനിലെത്തി വനിതാ ജീവനക്കാരെ കണ്ട പാര്‍ലമെന്ററി സംഘത്തിനു കൊച്ചി മെട്രോയെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും ഏറെ മതിപ്പുണ്ടായി. ജഗദംബികാ പാല് ആണു കമ്മിറ്റി ചെയര്‍പഴ്സന്‍. മെട്രോ നടത്തിപ്പില്‍ വനിതകളും ട്രാന്‍സ്ജെന്‍ഡറുകളും വഹിക്കുന്ന പങ്കിനെ കമ്മിറ്റി പ്രശംസിച്ചു. കൊറോണക്കാലത്തും സ്റ്റേഷനുകളിലും ട്രെയിനുകളിലും ശുചിത്വം ഉറപ്പാക്കാനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി കെഎംആര്‍എല്‍ സ്വീകരിച്ച നടപടികളെയും കമ്മിറ്റി പ്രശംസിച്ചു.