അങ്കമാലി: വീട്ടിലിരുന്നു സ്വപ്നങ്ങള്‍ നെയ്തു കൂട്ടുക മാത്രമല്ല അത് പ്രവാര്‍ത്തികമാക്കി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അങ്കമാലിയിലെ ഒരു വീട്ടമ്മ. ബോട്ടില്‍ ആര്‍ട്ടിനോട് കുഞ്ഞുനാളിലെ തോന്നിയ ഇഷ്ടം കൈവിടാതെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതുകൊണ്ടാണ് മാമ്പ്ര നടക്കപ്പറമ്പില്‍ ജിസ്ന നജീര്ഷയെ അംഗീകാരങ്ങള്‍ തേടിയെത്തിയത്.
കുപ്പികളില്‍ ലോകാത്ഭുതങ്ങള്‍ ഒരുക്കി ജിസ്ന നജീര്ഷ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലുമാണ് ഇടംനേടിയത്. ചില്ലുകുപ്പികളിലെ പെയിന്റിങ്ങില്‍ ജിസ്ന സജീവമായിട്ടു 6 വര്‍ഷമായി. കുപ്പിയില്‍ താജ്മഹലാണ് ആദ്യം ഉണ്ടാക്കിയത്.
താജ്മഹലിന്റെ സ്റ്റില്‍ മോഡല്‍ മോള്‍ഡിങ് ക്ലേയും ഫെവിക്കോളും ഉപയോഗിച്ചു ചില്ലുകുപ്പിക്കു പുറത്തു നിര്‍മ്മിച്ചു. അതിനു ശേഷം അക്രിലിക് ഉപയോഗിച്ചു പെയിന്റ് ചെയ്തു. 7 ലോകമഹാത്ഭുതങ്ങളുടെയും സ്റ്റില്‍ മോഡലുകള്‍ ഉണ്ടാക്കാന്‍ ഏഴു ദിവസമെടുത്തു. ഭര്‍ത്താവ് നജീര്ഷയും മക്കളായ നജിന്‍ഷ, നജില്ഷ എന്നിവരുടെ പ്രോത്സാഹനമാണ് അംഗീകാരങ്ങളിലെത്താന് സഹായിച്ചതെന്ന് ജിസ്ന പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബോട്ടില്‍ ക്രാഫ്റ്റ് നിര്‍മിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ജിസ്ന. ഇതുസംബന്ധിച്ചു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതരുമായി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. ലിംക ബുക്കിന് ലോകമഹാത്ഭുതങ്ങള്‍ തന്നെ വിഷയമാക്കണമെന്നാണ് ആഗ്രഹമെന്നു ജിസ്ന പറഞ്ഞു.