ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനായി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചു നല്കാന് തീരുമാനം. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു തീരുമാനമെടുത്തത്. ദേവീഭക്തനും ബംഗളൂരു ആസ്ഥാനമായുള്ള സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ ഗണശ്രാവണ്‍ 2019 നവംബറിലാണ് ക്ഷേത്ര വികസനത്തിന് 700 കോടി രൂപ നല്കാന് സന്നദ്ധത അറിയിച്ചത്.
2 ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യ ഘട്ടം 526 കോടിയുടെ പദ്ധതിക്കായി രൂപരേഖയും റിപ്പോര്‍ട്ടും പൂര്‍ത്തീകരിച്ചു നല്‍കിയിട്ടും കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടികള്‍ വൈകിക്കുന്നതായി ആരോപമുണ്ടായിരുന്നു. വൈകുന്നതിലുള്ള ആശങ്ക ഗണശ്രാവണും മന്ത്രിയെ കണ്ട് അറിയിച്ചു.
ഇതോടെയാണു പദ്ധതി സംബന്ധിച്ചു തീരുമാനമെടുക്കാന്‍ മന്ത്രി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം വിളിച്ചത്. ഗണശ്രാവണും കമ്പനി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ചോറ്റാനിക്കരയെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയാക്കി മാറ്റുന്ന പദ്ധതി രൂപകല്പന ചെയ്ത ബിആര്‍ അജിത്ത് അസോഷ്യേറ്റ്സ് ഉടമ അജിത്ത് യോഗത്തില്‍ പദ്ധതി വിശദീകരിച്ചു.
പദ്ധതിക്കായി തുക കൈമാറുന്നതു സംബന്ധിച്ച ഉദ്യോഗസ്ഥരുടെയും മന്ത്രിയുടെയും സംശയങ്ങള്‍ക്കു ഗണശ്രാവണ്‍ വിശദീകരണം നല്കി. നവംബര്‍ 23നു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പദ്ധതിയുടെ ധാരണാപത്രം പാസാക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുമതിക്കായി നല്കാന് നിര്‍ദേശിച്ചെങ്കിലും നടപടി വൈകിയതും യോഗത്തില്‍ ചര്‍ച്ചയായി.
കൊവിഡ് പശ്ചാത്തലത്തിലുണ്ടായ താമസമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിര്‍മാണം ആരംഭിക്കാനുള്ള 99% പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി അനുമതിക്കായി കാത്തിരിക്കുകയാണെന്നു യോഗത്തില്‍ ഗണശ്രാവണ്‍ അറിയിച്ചു. അംഗീകരിച്ച ധാരണാപത്രം നാളെത്തന്നെ കോടതി അംഗീകാരത്തിനു നല്കാന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
526 കോടിയുടെ പദ്ധതിക്കു പുറമേ ചോറ്റാനിക്കരയില്‍ 500 കിടക്കകളോടു കൂടിയ മള്‍ട്ടി സ്പെഷല്‍റ്റി ആശുപത്രി നിര്‍മിക്കാന്‍ 150 കോടിയും ഗണശ്രാവണ്‍ നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദേവസ്വം ചീഫ് കമ്മിഷണര്‍ പി വേണുഗോപാല്‍, കലക്ടര്‍ എസ് സുഹാസ്, ദേവസ്വം സ്പെഷല്‍ കമ്മിഷണര്‍ എന്‍ ജ്യോതി, സെക്രട്ടറി വിഎ ഷീജ, കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കെവി മോഹനന്, നിയുക്ത പ്രസിഡന്റ് വി നന്ദകുമാര്‍, എംകെ ശിവരാജന്, വികെ അയ്യപ്പന്, ദേവസ്വം അസി. കമ്മിഷണര്‍ ബിജു ആര്. പിള്ള, ചോറ്റാനിക്കര പഞ്ചായത്ത് സെക്രട്ടറി ഷാജി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.