നെടുമ്പാശേരി: ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കരിയാട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ടു ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും വാച്ചും കവര്‍ച്ച ചെയ്ത കേസിലാണ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട്ട് വാടകയ്ക്കു താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് മുണ്ടൂര്‍ തട്ടത്തിക്കുന്ന് രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ 2നു രാവിലെ പത്തരയോടെ ഭര്‍ത്താവും മകളും പുറത്തു പോയ സമയം നോക്കി വിടിന്റെ പിന്‍വാതിലിലൂടെ അകത്തു കടന്ന പ്രതികള്‍ വീട്ടമ്മയെ ബന്ധനസ്ഥയാക്കി കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ചയ്ക്കു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ആന്ധ്രപ്രദേശിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കവേയാണു പിടിയിലായത്. കവര്‍ച്ച ചെയ്ത സാധനങ്ങളും സഞ്ചരിച്ച വാഹനവും പോലീസ് ഇവരില്‍ നിന്നു കണ്ടെടുത്തു. ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിനു സൂര്യകിരണ്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഡിവൈഎസ്പി ജി വേണു, നെടുമ്പാശേരി ഇന്‍സ്പെക്ടര്‍ പിഎം ബൈജു, എസ്ഐമാരായ വന്ദന കൃഷ്ണന്, ആര് ജയപ്രസാദ്, കെകെ ബഷീര്‍, എഎസ്ഐമാരായ എംഎസ് ബിജേഷ് പിസി സാബു, സീനിയര്‍ സിപിഒമാരായ എകെ ഉബൈദ്, എംഎസ് സുരേഷ്, കെസി സുനോജ്, നവീന്‍ദാസ്, എന്‍ജി ജിസ്മോന്, അജിത്കുമാര്‍, എംആര്‍ മിഥുന്, എം ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.