നെടുമ്പാശേരി: 2018ലെ പ്രളയത്തില്‍ വീട് മുങ്ങിയത് ശിവേശ്വര്‍ ഇപ്പോഴും മറന്നിട്ടില്ല. അന്നത്തെ ഭയവും പ്രയാസവുമെല്ലാം ആ കൊച്ചുമനസില്‍ അണയാതെ എരിയുന്നത് കൊണ്ടാകാം ടെക്ഫെസ്റ്റില് പ്രദര്‍ശിപ്പിക്കാന്‍ ബോട്ട് തന്നെ നിര്‍മിക്കാമെന്ന് കൊച്ചുമിടുക്കന് തീരുമാനിച്ചത്.
ഐജി ഓഫിസിലെ ഡ്രൈവര്‍ ചെങ്ങമനാട് പൂവമ്പിള്ളി അനുരാജിന്റെ മകന് ശിവേശ്വര്‍(13) ആണു 4 പേര്‍ക്കു സഞ്ചരിക്കാവുന്ന ബോട്ട് നിര്‍മിച്ച് ഇന്നലെ പെരിയാറിന്റെ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവില്‍ പുഴയിലിറക്കിയത്.
കപ്രശേരി ഐഎച്ആര്‍ഡി സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവേശ്വര്‍. പഠനത്തിന്റെ ഭാഗമായി ടെക്ഫെസ്റ്റില് പ്രദര്‍ശിപ്പിക്കാന്‍ എന്തെങ്കിലും നിര്‍മിക്കണമെന്ന് സ്കൂളില്‍ നിന്നു നിര്‍ദേശം ലഭിച്ചപ്പോള്‍ പ്രളയത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ബോട്ടല്ലാതെ മറ്റൊന്നും ശിവേശ്വറിന്റെ മനസ്സിലെത്തിയില്ല
ആശയം പിതാവുമായി പങ്കു വച്ചു. തുടര്‍ന്ന് പറവൂരിലെ സ്ക്രാപ് കടയില്‍ നിന്നു പഴയ ഫൈബര്‍ കാര്‍ ബോഡി വാങ്ങി. ബൈക്കിന്റെ എന്‍ജിനും സംഘടിപ്പിച്ചു. പറവൂര്‍ എന്‍ജിനീയേഴ്സിലെ 2 സുഹൃത്തുക്കളും സഹായത്തിനെത്തിയതോടെ കാര്‍ബോട്ട് ഉഷാറായി.
കാറിന്റെ വാതിലുകളും മറ്റും അടച്ചു വെള്ളം കയറാത്ത വിധത്തിലാക്കി. 4 കസേരകളും സ്ഥാപിച്ചു. 32000 രൂപ ചെലവായി. ബോട്ടിന് 250 കിലോ ഭാരമുണ്ട്. അതിജീവനി ഫ്ലഡ് റെസ്ക്യുവര്‍ എന്നാണു കാറിന്റെ രൂപത്തിലുള്ള ബോട്ടിന്റെ പേര്.