പെരുമ്പാവൂര്‍: കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 50 ചാക്ക് അരി മുനിസിപ്പാലിറ്റി മാലിന്യശേഖരത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം.
കൊവിഡ് കാലഘട്ടത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ മുനിസിപ്പാലിറ്റിയിലേയ്ക്ക് നല്കിയ 50 ഓളം ചാക്ക് അരിയാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. അരി ചാക്കുകള്‍ പൂഴ്ത്തിവെച്ചിട്ടുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബും സംഘവും നടത്തിയ തെരച്ചിലിലാണ് പുഴുവരിച്ച അരി ചാക്കുകള്‍ കണ്ടെത്തിയത്.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയുടെ സമീപത്തുള്ള പാഴ് വസ്തു ശേഖരണ കേന്ദ്രത്തില്‍ വേയ്സ്റ്റ് വസ്തുക്കളുടെ ഇടയില്‍ നിന്നും അരിച്ചാക്കുകള്‍ കണ്ടെത്തുകയായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ടുകള്‍ തേടി നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചു.
അതേസമയം, കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം മൂവാറ്റുപുഴയില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് 1800 ചാക്ക് അരി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നീക്കംചെയ്തിരുന്നു. എറണാകുളം സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയില്‍ വിതരണം ചെയ്ത 50 ചാക്ക് റേഷനരിയില്‍ പുഴുക്കളും കണ്ടെത്തിയിരുന്നു.
വിനോദ് എന്ന ലൈസന്‍സിയുടെ കടയില്‍ ലഭിച്ച 39 ചാക്കിലാണ് ആദ്യം പുഴുക്കളും പുഴുക്കട്ടയും കണ്ടെത്തിയത്. റേഷനിങ് ഓഫീസറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ പരിശോധിച്ച് സ്ഥിരീകരിച്ചു. പുഴു കയറിയ അരി വിതരണം ചെയ്യരുതെന്ന് ലൈസന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.