കൊച്ചി: ദിവസങ്ങളായി ഐസില്‍ കിടക്കുന്ന പഴകിയ മീന്‍ കഴിച്ച് മടുത്തവര്‍ക്ക് ഇനി മുതല്‍ നല്ല പിടക്കുന്ന മീന്‍ കറിവെച്ച് രുചിയോടെ കഴിക്കാം. മത്സ്യപ്രേമികള്‍ക്ക് ശുദ്ധമായ മീന്‍ കഴിക്കാന്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
കൂടുകൃഷിയില്‍ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, തിലാപ്പിയ എന്നീ മത്സ്യങ്ങള്‍ ഇനി മുതല്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും സിഎംഎഫ്ആര്‍ഐയില്‍ നിന്ന് നേരിട്ടു വാങ്ങാം.
സിഎംഎഫ്ആര്‍ഐയിലെ കാര്‍ഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രം (അറ്റിക്), എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൂടുമത്സ്യ കൃഷി നടത്തുന്ന കര്‍ഷകരാണ് സിഎംഎഫ്ആര്‍ഐയില്‍ സ്ഥിരമായി ഒരുക്കിയ ‘ലൈവ് ഫിഷ് കൗണ്ടര്‍’ സംവിധാനത്തിലൂടെ വില്പന നടത്തുന്നത്. മീനുകള്‍ ജീവനോടെ വില്പന നടത്തുന്നതാണ് പുതിയ സംവിധാനത്തിലൂടെ സിഎംഎഫ്ആര്‍ഐ പ്രചരിപ്പിക്കുന്നത്. കൃഷിയിടങ്ങളില്‍ നിന്ന് വിളവെടുക്കുന്ന മത്സ്യങ്ങള്‍ ഉടനെ തന്നെ വിറ്റഴിക്കുന്നതാണ് നിലവിലെ രീതി.
ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരിലേക്ക് മത്സ്യമെത്തിക്കാന്‍ ഇത് മത്സ്യ കര്‍ഷകരെ സഹായിക്കും. രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് വില്‍പ്പന സമയം. കര്‍ഷകര്‍ക്കാവശ്യമുള്ള ഉല്പന്നങ്ങള് വില്‍ക്കുന്ന ഫാം സ്റ്റോര്‍, കര്‍ഷകരുടെ മാത്രം ഉല്പന്നങ്ങള് വില്‍ക്കുന്ന ഫാം ഷോപ്പി എന്നിവയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
കര്‍ഷകരില്‍ നിന്നും ശേഖരിച്ച് ശീതീകരിച്ച ചക്കപ്പഴം, പച്ചച്ചക്ക, ചക്കക്കുരു എന്നിവ വര്‍ഷം മുഴുവന്‍ ലഭ്യമാണ്. അരിഞ്ഞു പാക്കറ്റിലാക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, വീട്ടുവളപ്പുകളില്‍ ഉല്പാദിപ്പിക്കുന്ന കോഴി-കാട -താറാവ് മുട്ടകള്‍, പാല്, നെയ്യ്, കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന മറയൂര്‍ ശര്‍ക്കര, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയെല്ലാം ഫാം ഷോപ്പിയില്‍ ലഭിക്കും.