കൊച്ചി: കൊക്കൂണ്‍ 2018 ന്റെ പ്രചരണത്തിനായ് താരദമ്പതികളായ ഫഹദും നസ്രിയയും ഇന്‍ഫോ പാര്‍ക്കിലെത്തി. നിറഞ്ഞ ഹര്‍ഷാരവത്തോടെ സ്വീകരണമേറ്റു വാങ്ങിയ ദമ്പതികള്‍ പരിപാടിയില്‍ നിറസാന്നിധ്യമായി. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ 5, 6 തീയതികളിലായാണ് കൊക്കൂണ്‍ 2018 സംഘടിപ്പിക്കുന്നത്.
ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ചെയ്തു. സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.
കേരള പോലീസ്, ജിടെക്, ഐടി മിഷന് എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പോലീസിങ് ഓഫ് സൈബര്‍ സ്പേസ് (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന് (ഇസ്ര) എന്നിവ സംയുക്തമായാണ് കൊക്കൂണിന്റെ 11 ാം പതിപ്പ് സംഘടിപ്പിക്കുന്നത്.
സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കൊക്കൂണില്‍ സൈബര്‍ വിദഗ്ധരടക്കം രണ്ടായിരത്തോളം പേരാണ് പങ്കെടുക്കുക. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേ, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എംപി ദിനേശ്, ജിടെക് സെക്രട്ടറി ദിനേശ് തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.