ആലപ്പുഴ: ഇനിമുതല്‍ മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ബന്ധുവിന്റെ സ്കൂട്ടര്‍ കത്തിച്ച യുവാവ് പോലീസ് പിടിയില്‍. കരുവാറ്റ ചാമ പറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹനാണ് (22 ) ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ഒക്ടോബര്‍ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിന്റെ ബന്ധുവായ പാലപ്പറമ്പില്‍ കോളനിയില്‍ രതീഷിന്റെ സ്കൂട്ടറാണ് കത്തിച്ചത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നു അരുണ്‍. ഈ വിവരം അറിഞ്ഞ രതീഷ്, അരുണിന്റെ വീട്ടിലെത്തി മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചു.
എന്നാല്‍ വീട്ടുകാരുടെ മുന്നില്‍വെച്ച് ഇക്കാര്യം പറഞ്ഞത് അരുണിന് ഇഷ്ടമായില്ല. ഇതിന് പ്രതികാരമായി കുരുമുളക് സ്പ്രേ കണ്ണില്‍ അടിച്ച് സ്കൂട്ടര്‍ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ പള്ളിയുടെ അടുത്ത് വെച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ ഞായറാഴ്ച കരുവാറ്റ ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്.