ആലപ്പുഴ: ഈ വര്‍ഷത്തെ മികച്ച സംരംഭക ഗവേഷകനുള്ള എലി ആന്‍ഡ് ബ്രിട്ട് ഹരാരി ഗ്രഫീന്‍ എന്റര്‍പ്രൈസ് അവാര്‍ഡ് സ്വന്തമാക്കി ചേര്‍ത്തല സ്വദേശിയും മലയാളി ശാസ്ത്ര ഗവേഷകനുമായ ഡോ.വിവേക് കോഞ്ചേരി.
ബഹിരാകാശത്ത് താമസം ഒരുക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും നേരിയ ദ്വിമാന ഗ്രഫീന്‍ വികസിപ്പിക്കുന്ന പദ്ധതി നിര്‍ദേശിച്ച മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മലയാളി ശാസ്ത്ര ഗവേഷകനായ ഡോ.വിവേക് കോഞ്ചേരിക്ക് 50,000 പൗണ്ടിന്റെ (എകദേശം 51.5 ലക്ഷം രൂപ) പുരസ്കാരമാണ് ലഭിക്കുന്നത്.
സാന്‍ഡിസ്ക് സ്ഥാപകന്‍ ഡോ.എലിഹരാരി, നൊബേല്‍ ജേതാവ് പ്രഫ.ആന്ദ്രെ ജിം തുടങ്ങിയവര്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നല്കുന്ന അവാര്‍ഡ് ആണ് 39കാരനായ വിവേക് നേടിയത്.
ചേര്‍ത്തല കോഞ്ചേരി ഷാജി, ശെല്‍വറാണി ദമ്പതികളുടെ മകനാണ് വിവേക്. ആലപ്പുഴ എസ്ഡിവി സ്കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നു ഗ്രഫീന്‍ ഉല്പന്നങ്ങളുടെ വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ചുള്ള ഗവേഷണത്തില്‍ വിവേക് പിഎച്ച്ഡി നേടിയിട്ടുണ്ട്.