കറ്റാനം: കൂട്ടുകാര്‍ ആരും ഇല്ലാതെ ഒരുമുറിയില്‍ ഒറ്റയ്ക്ക്, കൊവിഡ് ബാധിതയായ വിദ്യാര്‍ത്ഥിനി പിപിഇ കിറ്റ് ധരിച്ച് പത്താംക്ലാസ് പരീക്ഷയെഴുതി. കറ്റാനം പോപ്പ് പയസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥിനി ഒറ്റയ്ക്കിരുന്ന് പത്താംക്ലാസ് പരീക്ഷ എഴുതിയത്.
വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ ഒരാഴ്ചയ്ക്കുമുന്‍പ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്നുനടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം കുട്ടിക്കും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.
വിവരം അറിഞ്ഞ് സ്കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുകയായിരുന്നു. വീട്ടില്‍ നിന്ന് വരാനുള്ള വാഹനസൗകര്യവും പിപിഇ കിറ്റും എല്ലാം സ്കൂള്‍ അധികൃതര്‍ തന്നെയാണ് ഏര്‍പ്പാടാക്കിയത്.
വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്രചെയ്യാന്‍ ഒരു ആശാവര്‍ക്കറുടെ സേവനവും ഉറപ്പുവരുത്തിയിരുന്നു. പരീക്ഷ എഴുതുന്നതിനുമുന്പും ശേഷവും ക്ലാസ്റൂം അണുനശീകരണം നടത്തി. പരീക്ഷാപേപ്പര്‍ പ്രത്യേക കവറിലാക്കിയാണ് സൂക്ഷിക്കുന്നത്. വരുംദിവസങ്ങളിലും പരീക്ഷ എഴുതാന്‍ എല്ലാ സൗകര്യവും വിദ്യാര്‍ത്ഥിനിക്ക് ഏര്‍പ്പെടുത്തുമെന്ന് സ്കൂള്‍ എച്ച്എം ബിജു ടി വര്‍ഗീസ് പറഞ്ഞു.