ആലപ്പുഴ: വിപ്ലവനായികയെ തേടി വോട്ടുപെട്ടി വീട്ടിലെത്തി, ചരിത്രത്തിലാദ്യമായി പോളിങ് ബൂത്തില്‍ പോകാതെ കെആര്‍ ഗൗരിയമ്മ വോട്ടുചെയ്തു. 80 വയസ്സിനു മുകളിലുള്ളവരെ വീട്ടിലെത്തി വോട്ടുചെയ്യിക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഗൗരിയമ്മയുടെ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടിലെത്തിയത്.
ബന്ധുവും സഹായിയുമായ ഇന്‍ഡസ് ഗൗരിയമ്മയെ സ്വീകരണമുറിയിലെ കസേരയിലേക്കിരുത്തി. പോളിങ് ഓഫീസര്‍ പ്രിയാകുമാരിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ തപാല്‍വോട്ടിന്റെ രേഖകളില്‍ ഒപ്പിട്ടുവാങ്ങി. ഗൗരിയമ്മ ബാലറ്റില്‍ വോട്ടുരേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണിയും വോട്ടുചെയ്യാന്‍ സഹായംചെയ്തു. തെരഞ്ഞെടുപ്പ് സൂക്ഷ്മനിരീക്ഷകന്‍ ശ്യാംജിയും എത്തിയിരുന്നു.
103-ാം വയസ്സിലെത്തിയ ഗൗരിയമ്മയുടെ ഈ വോട്ട് ചരിത്രമാണ്. മന്ത്രിയും എംഎല്എയുമായിരുന്നവരില് ഈ പ്രായത്തിലും വോട്ടുചെയ്തത് ആദ്യമായിരിക്കുമെന്നു കരുതുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം ഗൗരിയമ്മയ്ക്ക് വോട്ടുചെയ്യാനായിരുന്നില്ല. അതല്ലാതെ ജെഎസ്എസ് നേതാവു കൂടിയായ ഗൗരിയമ്മ വോട്ടുചെയ്യാതിരുന്നിട്ടില്ല.
കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ത്തന്നെ കെആര്‍ ഗൗരിയമ്മയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം 2011 വരെ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ഏക വ്യക്തിയാണ് ഗൗരിയമ്മ. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വ്യക്തിയെന്ന പ്രത്യേകതയുമുണ്ട്. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമുതല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ വോട്ടുചെയ്തിട്ടുണ്ട്.