കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമായി സിനിമാതാരങ്ങളും കളത്തില്‍ നിറയുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ പ്രചാരണത്തിനായി രമേഷ് പിഷാരടി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഉരുളയ്ക്കുപ്പേരിപോലെ പ്രേക്ഷകര്‍ക്ക് ആസ്വാദ്യമാകുന്ന മറുപടികളുള്ള പിഷാരടി മഴയെ തന്നെ കൂട്ടുപിടിച്ചാണ് അരിതയ്ക്കായി പ്രസംഗിച്ചത്. അരിതയോടൊപ്പം പിഷാരടി റോഡ് ഷോ നടത്തി. അരിതയുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.
‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മഴ ഉണ്ടായിരുന്നതായാണ് കേട്ടിട്ടുള്ളത്. ഇതു പോലെയുള്ള ചരിത്ര സംഭവങ്ങള്‍ക്കെല്ലാം മഴ സാക്ഷ്യം വഹിക്കും. വലിയ ഭൂരിപക്ഷത്തോടെ അരിതയും യുഡിഎഫും വിജയിക്കുന്നതാണ് ഉടന്‍ വരാന്‍ പോകുന്ന ചരിത്ര സംഭവം.’
എന്നാണ് പിഷാരടിയുടെ വാക്കുകള്‍.
‘കിറ്റുകള്‍ നമ്മുടെ തന്നെ പൈസ എടുത്താണ് വിതരണം ചെയ്യുന്നത്. വിലമതിക്കാനാവാത്ത സമ്മതിദാന അവകാശത്തെ അരിയുടെയോ പയറിന്റെയോ വിലയിട്ട് വിലപേശരുത്.
എന്റെ ഗുരുനാഥന് സലിംകുമാറാണ്. അദ്ദേഹത്തിനൊപ്പമുള്ള തുടക്കമാണ് എന്റെ ജീവിതത്തിന്റെ ഐശ്വര്യം. അതു പോലെ അരിതയുടെ പ്രചാരണത്തിന്റെ തുടക്കവും സലീംകുമാറായിരുന്നു. അതിന്റെ ഐശ്വര്യം ഉറപ്പായും ഉണ്ടാകും.’
എന്നും പിഷാരടി പറഞ്ഞു.