വള്ളികുന്നം: കണ്ണുകൊണ്ട് ബലൂൺ വീർപ്പിച്ചു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി ബിടെക് വിദ്യാർത്ഥി. ഭരണിക്കാവ് ഇലിപ്പക്കുളം ജാസ്മിൻ മൻസിലിൽ ഷംനാദ് – ജാസ്മിൻ ദമ്പതികളുടെ മകൻ ഇസ്മായിൽ ഉമ്മറൂൽ ഫാറൂഖ് (22) ആണ് കണ്ണിന്റെ ചെറുസുഷിരം വഴി ബലൂണിൽ വായു നിറച്ചു ലോകത്തെ അമ്പരപ്പിച്ചത്.
1.29 മിനിറ്റ് കൊണ്ട് ബലൂൺ വീർപ്പിച്ചു സ്കൂൾ പഠനകാലം മുതലുള്ള പരീക്ഷണമാണ് ഇസ്മായിൽ വിജയത്തിലെത്തിച്ചത്. ലോകത്തിലെ തന്നെ ആദ്യത്തെ റെക്കോർഡാണ് ഇത്. ഇസ്മായിലിന്റെ ആദ്യപരീക്ഷണം തന്നെ വിജയവുമായി. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ഉദ്യോഗസ്ഥർ ഓൺലൈനായാണ് നിരീക്ഷിച്ചത്.
4-ാം ക്ലാസ് പഠനസമയത്ത് ചെവിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതു പുറത്തേക്കു കളയാൻ മൂക്കും വായും പൊത്തിപ്പിടിച്ചു നടത്തിയ പരീക്ഷണത്തിൽ കണ്ണിലൂടെ വായു പുറത്തേക്കുവന്നു. ഇതേത്തുടർന്ന്, ചെറുപ്പം മുതലുള്ള തന്റെ കുസൃതിയായിരുന്നു ഇത്തരത്തിൽ ബലൂൺ വീർപ്പിക്കുകയെന്ന് ഇസ്മായിൽ പറയുന്നു.
ഇൻഡോർ അബ്ദുൽകലാം യൂണിവേഴ്സിറ്റിയിലെ 3ാം വർഷ ബിടെക് വിദ്യാർത്ഥിയാണ് ഇസ്മായിൽ. ഗിന്നസ് ബുക്ക് ഹോൾഡർ ദിലീഫിന്റെ നിർദേശം അനുസരിച്ചാണ് റെക്കോർഡിനായി അപേക്ഷ നൽകിയത്. മാർച്ച് 2ന് ആയിരുന്നു റെക്കോർഡിനായി ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിച്ചത്.