കുട്ടനാട്: ജോലി ചെയ്തു കുടുംബം പുലര്‍ത്തണമെങ്കില്‍ കൃത്രിമ കാല് വച്ചുപിടിപ്പിക്കണം. മുരളിദാസിന്റെ ‘കൃത്രിമ കാല്’ എന്ന സ്വപ്ന സാഫല്യത്തിന് സഹായവുമായി കേരളസര്‍ക്കാര്‍. വെളിയനാട് പഞ്ചായത്ത് 3-ാം വാര്‍ഡില്‍ കുന്നങ്കരി പുല്ലംകൊച്ചികരീച്ചിറ വീട്ടില്‍ മുരളിദാസി (42)നാണ് സ്വാന്ത്വന സ്പര്‍ശം അദാലത്തിലൂടെ 25000 രൂപയുടെ സഹായം ലഭിക്കുന്നത്.
അപകടത്തെത്തുടര്‍ന്ന് ഒരുകാല് മുറിച്ചു മാറ്റേണ്ടിവന്ന മുരളിദാസിന് കൃത്രിമ കാല് പിടിപ്പിക്കുന്നതിനായി 92,000 രൂപയാണ് ആവശ്യം. അതുകൊണ്ടുതന്നെ ആഗ്രഹ സാഫല്യത്തിന് ഇനിയും കടമ്പകളേറെയാണ്. തുകയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ അദാലത്തില്‍ നിന്നു ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അപകടം സംഭവിച്ചത്. കമ്പ്യൂട്ടര്‍ കേബിള്‍ നെറ്റ്വര്‍ക്ക് ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ കിടങ്ങറ-കുമരങ്കരി റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹ രോഗിയായതിനാല്‍ ജീവന് നിലനിര്‍ത്തുന്നതിനായി വലതു കാല് മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടിവന്നു.
കമ്പ്യൂട്ടര്‍ കേബിള്‍ നെറ്റ്വര്‍ക്ക് ജോലി കൂടാതെ കൃഷിപ്പണിയും ചെയ്യുമായിരുന്നു മുരളി. നെല്ല് സംഭരണവേളയില്‍ ചുമട്ടുതൊഴിലാളിയാവും. ഇപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
വീട്ടിലേക്ക് എത്തിച്ചേരാന്‍ വഴി സൗകര്യമില്ലാത്തതിനാല്‍ മല്ലപ്പള്ളിയിലുള്ള സഹോദരിയുടെ വീട്ടിലാണു അമ്മയും ഭാര്യയും മകളുമടങ്ങുന്ന കുടുംബവുമായി ഇദ്ദേഹം കഴിയുന്നത്. പോളിയോ ബാധിച്ച് ഒരു കാലിനു സ്വാധീനകുറവുള്ള സുബിതയാണു ജീവിതസഖി.