ആലപ്പുഴ: വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പണ്ട് ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയെങ്കിലും പിന്നീട് ജോലി ചെയ്തു കാശ് ഉണ്ടാക്കി തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസും പ്ലസ് ടുവും ജയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംവി വിശ്വംഭരന് (58) ആണ് ഇപ്പോള്‍ പഠിച്ച് ‘മിടുക്കനായത്’. പത്താം ക്ലാസും പ്ലസ് ടുവും തുല്യതാ പഠനത്തിലൂടെ ജയിച്ചതോടെ ഇനി തുല്യതാ കോഴ്സിലൂടെ ബിരുദം നേടണമെന്നതാണ് വിശ്വംഭരന്റെ ലക്ഷ്യം.
1975ല്‍ വെളിയനാട് എന്‍എസ്എസ് ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിശ്വംഭരന്റെ പഠനം നിലച്ചത്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കൃഷിപ്പണിക്കു പോയി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഠിക്കാനുള്ള മോഹം വിശ്വംഭരന്റെ മനസ്സില്‍ മങ്ങാതെ കിടന്നു.
അങ്ങനെയാണ് സാക്ഷരതാ പ്രേരക് സ്നേഹപ്പന്റെ പ്രേരണയില്‍ 2010ല്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ജയിച്ചത്. പിന്നീട് 2011ല്‍ ഗള്‍ഫിലേക്കു പോയി, 2016ല്‍ തിരിച്ചെത്തിയപ്പോള്‍ പ്ലസ് ടു തുല്യതാ കോഴ്സ് തുടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞു. അതിനു ചേരാന്‍ മോഹമായി. പക്ഷേ, ആദ്യ ബാച്ച് തുടങ്ങിക്കഴിഞ്ഞതിനാല്‍ ചേരാന്‍ സാധിച്ചില്ല. 2018ല്‍ മൂന്നാം ബാച്ചില്‍ വിശ്വംഭരനും ചേര്‍ന്നു. 2020ല്‍ പ്ലസ് ടു പരീക്ഷയും ജയിച്ചു.
സിപിഐ പ്രതിനിധിയായാണ് വിശ്വംഭരന് ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ചത്. തുല്യതാ പഠനത്തിലൂടെ കിട്ടിയ അറിവ് ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുമ്പോള്‍ ഏറെ കരുത്തു നല്‍കിയെന്നാണ് വിശ്വംഭരന്റെ വിശ്വാസം. കഴിഞ്ഞ ദിവസം സാക്ഷരതാ മിഷന് ജില്ലാ ഓഫിസിലെത്തിയ വിശ്വംഭരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി പുസ്തകങ്ങള്‍ നല്കി ആദരിച്ചു.
വെളിയനാട് ബ്ലോക്ക് പ്രദേശത്തുള്ള മുഴുവനാളുകളെയും ഹയര്‍ സെക്കന്‍ഡറി തലം വരെ എത്തിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് വിശ്വംഭരന്റെ ലക്ഷ്യം. പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കാമെന്ന് കെജി രാജേശ്വരി അറിയിച്ചു. പെയിന്റിങ്ങും കൃഷിപ്പണിയും ചെയ്തു വരുന്നതിനിടെയാണ് വിശ്വംഭരന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. തങ്കമണിയാണ് ഭാര്യ. മക്കള്‍: ഭരത് വിശ്വം, ഭഗത് വിശ്വം.