കലവൂര്‍: സംശയം തോന്നി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത് ഫലം കണ്ടു. റേഷന്‍ കടകളില്‍ നിന്ന് അനധികൃതമായി കടത്തിയ 278 ചാക്ക് അരിയും ഗോതമ്പും പോലീസ് പിടികൂടി. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. 5 തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ എഎന്‍ പുരം യദുകുലം വീട്ടില്‍ എന്‍ കണ്ണന് (46), മണ്ണഞ്ചേരി പൊന്നാട് പള്ളിവെളി എ സുനീര്‍ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലവൂര്‍ കെഎസ്ഡിപിക്ക് പടിഞ്ഞാറ് കാറ്റാടി കവലയ്ക്കു തെക്ക് ഭാഗത്തുള്ള സ്വകാര്യ ഗോഡൗണില്‍ നിന്നുമാണ് അരിയും ഗോതമ്പും പിടികൂടിയത്.
റേഷന്‍ കടകളില്‍ നിന്നുമെത്തിക്കുന്ന അരിയും ഗോതമ്പും സ്വകാര്യ കമ്പനിയുടെ ചാക്കില്‍ നിറച്ച് കൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രി ചാക്കുകളുമായി ലോറി എത്തിയപ്പോള്‍, സംശയം തോന്നി നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോള്‍ ലോറിയില്‍ 240 ചാക്ക് അരിയും ഗോഡൗണില്‍ 35 ചാക്ക് ഗോതമ്പും 13 ചാക്ക് അരിയും ഉണ്ടായിരുന്നു. റേഷനരി ചാക്കില്‍ നിന്നെടുത്ത് തൂക്കി മറ്റൊരു ചാക്കില്‍ നിറയ്ക്കുന്ന ജോലിയാണ് നടന്നിരുന്നത്.
മിക്കവാറും ദിവസങ്ങളില്‍ രാത്രി ലോറികള്‍ വന്നു പോകുന്നതും കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. നേരത്തെ കോഴി ഫാം ആയിരുന്ന ഈ സ്ഥലം ഏതാനും മാസം മുന്‍പാണ് പ്രതികള്‍ വാടകയ്ക്ക് എടുത്തത്.
പ്രതികള്‍ ഇടനിലക്കാര്‍ മുഖേന റേഷനരി ശേഖരിച്ചാണ് ഇവിടെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസം മുന്‍പ് കണ്ണനെ സമാനമായ കുറ്റത്തിന് ആലപ്പുഴയിലെ ഒരു ഗോഡൗണില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലാകുന്നത്.
അതേസമയം, കൊല്ലത്ത് കഴിഞ്ഞ ആഴ്ച ചന്തക്കടയിലെ റേഷന്‍ കടയില്‍ നിന്നു അരി കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജനങ്ങള്‍ വളഞ്ഞതോടെ കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു. അരിയും വാഹനവും പോലീസിനു കൈമാറി.
കൂട്ടിക്കട ചന്തക്കടയിലെ 196 നമ്പര്‍ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. കരഞ്ചന്തക്കാരെ പിടികൂടാനായി നാട് ഒന്നടങ്കം കാത്തിരിന്നു. കടയില്‍ നിന്നു അരിയും കയറ്റി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. പരിശോധനയില്‍ ഇരുപതു ചാക്ക് അരി കണ്ടെത്തി.