നെടുമ്പാശ്ശേരി: ചെരിപ്പിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോഗ്രാം സ്വര്‍ണ മിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് കടത്ത് പിടികൂടിയത്.
ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാള്‍ ധരിച്ചിരുന്ന ചെരിപ്പിന്റെ സോള്‍ പൊളിച്ച് അതിനകത്താണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങുന്നതിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ മടക്കി വിളിച്ച് വീണ്ടും നടത്തിയ പരിശോധനയിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. മിശ്രിതത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കസ്റ്റംസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. 30 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോ സ്വര്‍ണം ഇതിനകത്ത് ഉണ്ടാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.