കണ്ണൂര്‍; പരിയാരത്തെ നഴ്സിങ് വിദ്യാര്‍ത്ഥിനി ശ്രീലയയുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയച്ചതി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട പൊന്നാമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്ത് കണ്ടെയ്നര്‍ കമ്പനിയില്‍ ജീവനക്കാരനാണ് കിരണ്‍.
ജൂണ്‍ രണ്ടിനാണ് ഒന്നാംവര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജന്ലീന ദമ്പതിമാരുടെ മകള്‍ പിശ്രീലയ(19)യെ ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ചുള്ള കത്ത് പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് രംഗത്ത് വന്നു.
കോഴിക്കോട് ഗവ നഴ്സിങ് സ്കൂളിലെ ഡ്രൈവറായ പിജയരാജന്റെ പരാതി പോലീസ് ഗൗരവത്തോടെ എടുത്തു. ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് നമ്പറുകളിലും വന്ന കോളുകള്‍ ആരുടെതെല്ലാമാണെന്ന് പരിശോധിക്കുകയും ചെയ്തു. ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കിരണ്‍ ബെന്നി കുടുങ്ങിയത്.
മരണത്തിനു പിന്നില്‍ സംശയങ്ങളുണ്ടെന്നും മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്സിങ് തിരഞ്ഞെടുത്തത്. പഠനത്തില്‍ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ല. വീട്ടില്‍ വരുമ്പോഴെല്ലാം സന്തോഷത്തിലായിരുന്നുവെന്നും ജയരാജ് പോലീസിനെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യാക്കുറിപ്പ് വിശ്വസിക്കാനാകില്ലെന്നും അച്ഛന് നിലപാട് എടുത്തു. ഇതാണ് നിര്‍ണ്ണായകമായത്.
ഫോണിലൂടെ പരിചയപ്പെട്ട ശ്രീലയും ബെന്നിയും പ്രണയത്തിലായി. തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച ബെന്നി ശ്രീലയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്ന് പോലീസ് പറയുന്നു. പ്രണയവിവരം വീട്ടിലിറിയിക്കുമെന്ന് കിരണ്‍ ശ്രീലയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.