പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് നാല്പതിനായിരം കിലോമീറ്റര്‍ റോഡ് തകര്‍ന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. പന്ത്രണ്ടായിരം കോടിയുടെ നഷ്ടം സാമ്പത്തിക അച്ചടക്കത്തിലൂടെ എണ്ണായിരം കോടി കൊണ്ട് മറികടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സൗഹൃദ നിര്‍മാണ നയം കൊണ്ടുവരുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ പതിനോരായിരം കിലോ മീറ്റര്‍ റോഡ് പൂര്‍ണമായും മൂവായിരം കിലോമീറ്റര്‍ ഭാഗികമായും തകര്‍ന്നു. ദേശീയ പാതയുടെ തകര്‍ച്ച മൂവായിരം കിലോമീറ്റര്‍. മറ്റ് പ്രാദേശിക റോഡുകളുടെ തകര്‍ച്ച അടക്കം മൊത്തം തകര്‍ന്നത് 40,000 കിലോ മീറ്റര്‍. പൂര്‍ണമായ പുനര്‍ നിര്‍മാണവും അറ്റകുറ്റപ്പണിയും എന്ന രീതിയില്‍ നിര്‍മാണം രണ്ട് തരത്തില്‍ നടത്തും. ഇതിനായി ആധുനിക നിര്‍മാണ രീതികളാണ് ആവിഷ്കരിക്കുക.
നിര്‍മാണത്തിന് പണം തടസമാവില്ല. എന്നാല്‍ നഷ്ടം സംഭവിച്ചതിന്റെ അത്രയും പണം ആവശ്യമില്ല. സാമ്പത്തിക അച്ചടക്കം പാലിച്ചാവും നിര്‍മാണം. പണം ലഭിക്കുന്നതിനും നിര്‍മാണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനും നിലനില്‍ക്കുന്ന ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു. റെയില്‍വെ മേല്പാലങ്ങളുടെ അറ്റകുറ്റപ്പണിയും ഉറപ്പാക്കുമെന്നും ഗ്രാമീണ റോഡുകളുടെ നിര്‍മാണം ഏല്പിച്ചാല് പൊതുമരാമത്ത് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.