തിരുവനന്തപുരം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ സ്വദേശിയായ എന്‍ എസ് അജിന് ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. പാറശാല കുന്നത്തുകാലില്‍ വെച്ചാണ് അപകടം നടന്നത്. അരുവിയോട് ജംഗ്ഷനിലേക്ക് അജിന് ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടുകയായിരുന്നു. നായയുമായി ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.
വീഴ്ചയില്‍ അജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.