മലപ്പുറം: ഇലക്ട്രിക് സ്കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ പിഴ ഈടാക്കിയതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ മറുപടിയായി പോലീസ്. മലപ്പുറം കരുവാരക്കുണ്ട് പോലീസാണ് ഇലക്ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്. പോലീസ് പിഴ ഈടാക്കിയ രസീത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ പുകയില്ലാത്ത വണ്ടിയ്ക്ക് ഫൈന്‍ അടച്ച പോലീസിന് പൊങ്കാലയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ പോലീസ് വിശദീകരണവുമായി രംഗത്തെത്തി. പിഴവ് പറ്റിതാണെന്ന് പോലീസ് പറയുന്നു. പിഴ രസീത് അടയ്ക്കുന്ന ഇ-പേസ് യന്ത്രത്തില്‍ ഓരോ കുറ്റത്തിനും ഓരോ നമ്പറാണ് ഉള്ളത്. ഇതില്‍ ലൈസന്‍സ് ഹാജരാക്കിയില്ല എന്ന കുറ്റത്തിന് പിഴ ഈടാക്കാന്‍ ശ്രമിച്ചപ്പോള്‍ കോഡ് മാറിപോയി എന്നാണ് പോലീസ് പറയുന്നത്.
രണ്ടു നിയമലംഘനങ്ങള്‍ക്കും 250 രൂപയാണെന്നും അതിനാല്‍ മാറ്റിയടിച്ചില്ലെന്നും പോലീസ് പറയുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസിലായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു.
also read- മലയാളി താരം പിയു ചിത്ര വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു, വരൻ പോലീസ് ഉദ്യോഗസ്ഥൻ
താന്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ലെന്നും അതിന് 500 രൂപ പിഴയിടുമെന്ന് പോലീസ് അറിയിച്ചപ്പോള്‍ താഴ്മയായി പറഞ്ഞ് പിഴ 250 രൂപയാക്കി കുറയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാരനും വ്യക്തമാക്കി. രസീത് കൈയില്‍ക്കിട്ടിയപ്പോഴാണ് അതിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ടാണ് സാമൂഹികമാധ്യമത്തില്‍ പിഴ രസീത് പോസ്റ്റ് ചെയ്തതെന്നു യാത്രക്കാരന് പറയുന്നു.