കോട്ടയം: തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തി.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. പത്തോളം തെരുവുനായ്ക്കളെയാണ് കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി ചത്തത്.
പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം.
മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളിലാണ് നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്.