കുറ്റിക്കാട്ടൂര്‍: പറയഞ്ചേരിയില് ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിനെ കണ്ണൂരിലാഴ്ത്തി. തിരുവോണനാളിലുണ്ടായ അപകടത്തിലാണ് പെരുവയല്‍ കൂടത്തിങ്ങല്‍ അനീഷിന്റെ മകന് അഷിന്‍(20) മരിച്ചത്.
വ്യാഴാഴ്ച നാട് ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ടായിരുന്നു. കുടുംബത്തോടൊപ്പം ഓണമുണ്ണേണ്ടിയിരുന്ന അഷിന്റെ ചേതനയറ്റ ശരീരം ഉച്ചക്ക് ഒന്നരയോടെയാണ് കൂടത്തിങ്ങല്‍ വീട്ടിലെത്തിച്ചത് നാടിനെയാകെ കണ്ണീരില്‍ മുക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് -കോഴിക്കോട് റോഡില്‍ പറയഞ്ചേരിയിലാണ് തിരുവോണദിവസം പുലര്‍ച്ച മൂന്നോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്.
മംഗളൂരുവില്‍ എംബിബിഎസിന് പഠിക്കുന്ന പിതൃസഹോദര പുത്രന് അദ്വൈതിനെ യാത്രയാക്കാനായി കൂട്ടുകാരന് അമല്‍ സേവ്യറോടൊപ്പം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് കാറില്‍ പോയതായിരുന്നു അഷിന്‍.
അപകടത്തില്‍ അമല്‍ സേവ്യര്‍ക്കും (20) അദ്വൈതിനും (22) പരിക്കേറ്റിട്ടുണ്ട്. ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ കൂട്ടിയിട്ട പൈപ്പുകളില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
also read- എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം
അഗ്നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ കാറില്‍നിന്ന് പുറത്തെടുത്തത്. വെള്ളന്നൂരിലെ ഗവ. ആര്‍ട്സ് കോളജ് ബിരുദ വിദ്യാര്‍ഥിയായ അഷിന്‍ 2022ലെ മിസ്റ്റര്‍ കാലിക്കറ്റ് ആയിരുന്നു. പിതാവ് അനീഷ് പെരുവയല്‍ അങ്ങാടിയില്‍ ഇന്‍ഡസ്ട്രിയല്‍ നടത്തുകയാണ്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.