കാവനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കാവനൂരിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അസം സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കാവനൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പൊലീസ് എറണാംകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.